ജീവിതത്തില്‍ നിന്നൊരു ഏട്‌

Monday, September 18, 2006

ഒരു തലമുറയ്ക്ക്‌ മുന്‍പ്‌


1950 കളിലെ ഒരു പ്രഭാതം...

ഇത്‌ കുമാരന്‍ മാസ്റ്ററുടെ വീട്‌... 11 മക്കളുള്ള തറവാട്‌...

ആണ്‍ മക്കളില്‍ ഏറ്റവും താഴെയാണ്‌ കാര്‍ത്തികേയന്‍....നാലാം ക്ലാസ്സില്‍ പഠിക്കുന്നു.

ഒരു സ്കൂള്‍ അദ്ധ്യാപകന്റെ വരുമാനം കൊണ്ട്‌ ഇത്ര വലിയ ഒരു കുടുംബം പോറ്റാന്‍ കഷ്ടപ്പടാണ്‌.

വയറുനിറച്ച്‌ ഭക്ഷണം തന്നെ കഷ്ടി...ആകെയുള്ള മൂട്‌ കീറിയ ട്രൗസറുമിട്ട്‌ അവന്‍ ഉമ്മറപ്പടിയില്‍ കുനിഞ്ഞിരുന്നു. വയര്‍ വിശക്കുന്നുണ്ട്‌.. നില്‍ക്കുമ്പോള്‍ ഒരു വേദന...വൈകീട്ട്‌ ആയാല്‍ വര്‍ക്കിമാപ്ലക്ക്‌ പാട്ടത്തിന്‌ കൊടുത്തിട്ടുള്ള പറമ്പിലുള്ള കപ്പമൂട്‌ ഒന്ന് രണ്ടെണ്ണം ചേട്ടന്മാരോടൊന്നിച്ച്‌ മാന്തിനോക്കാമായിരുന്നു. (ആത്മാഭിമാനബോധം ഉണ്ടെങ്കിലും നിവര്‍ത്തികേടുകൊണ്ട്‌ അമ്മയും ചേച്ചിയും ഒന്നും പറയില്ല). കാലത്ത്‌ വര്‍ക്കിമാപ്ല മേല്‍നോട്ടത്തിന്‌ പറമ്പില്‍ തന്നെയുണ്ട്‌.

ബട്ടന്‍ പൊട്ടിയ ട്രൗസര്‍ വലിച്ച്‌ അരയില്‍ കുത്തി കാര്‍ത്തികേയന്‍ സ്കൂളില്‍ പോകാനിറങ്ങി.

ട്യൂഷനും മറ്റും ഉള്ളതിനാല്‍ അച്ഛന്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങും...സ്കൂളില്‍ വച്ച്‌ ഇന്റര്‍വെല്‍ സമയത്ത്‌ തൊട്ടപ്പുറത്തെ ചായക്കടയുടെ മുന്‍പിലേക്ക്‌ പോകുന്നവഴിക്ക്‌ അച്ഛന്‍ ചോദിക്കും..

'നീ വല്ലോം കഴിച്ചോടാ...'

കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ മനസ്സിലെ അഭിമാനബോധം വിശപ്പിനെ പിന്തള്ളും...അവന്‍ ഉവ്വ്‌ എന്ന് തലയാട്ടും...ആരും അടുത്തില്ലെങ്കില്‍ സത്യം പറയും.. അപ്പോള്‍ അച്ഛന്‍ കൂട്ടിക്കൊണ്ട്‌ പോയി ചായക്കടയില്‍ നിന്ന് ചായയും വടയും വാങ്ങിക്കൊടുക്കും...

പട്ടിണി പഠിക്കാനുള്ള വാശി കൂട്ടിയതേയുള്ളൂ... അവന്‍ പഠിച്ചു. മിടുക്കുണ്ടെങ്കില്‍ പഠിപ്പിക്കുവാന്‍ കുമാരന്‍ മാസ്റ്ററും ഒരുക്കമായിരുന്നു.

കാലം കടന്നുപോയി.... സ്ഥിതികള്‍ അല്‍പം മെച്ചപ്പെട്ടു. ചേച്ചിമാരുടെ കല്ല്യാണം കഴിഞ്ഞു. ഒരു ചേച്ചി ഇടക്കിടക്ക്‌ അരിയും മറ്റും സഹായിക്കും. മൂത്ത ചേട്ടന്‍ മലേഷ്യക്ക്‌ പോയി....

പത്താം ക്ലാസ്സില്‍ അവന്‌ നിസ്സാര മാര്‍ക്ക്‌ കുറവിന്‌ ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടിയില്ല. എങ്കിലും ഏത്‌ കോളേജിലും പ്രാവേശനം കിട്ടാവുന്ന മാര്‍ക്കുണ്ട്‌. പക്ഷെ, ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടിയില്ല എന്ന ഒറ്റ കാരണത്താല്‍ ചേട്ടന്‍ കോളെജില്‍ പഠിക്കാന്‍ ഫീസ്‌ നല്‍കാന്‍ തയാറായില്ല....

അവന്‌ വാശിയായി. പ്രീയൂണിവേഴ്സിറ്റിക്ക്‌ ചേര്‍ന്നു. 7 കിലോമീറ്റര്‍ നടക്കണം. ബസ്സിന്‌ പോകാന്‍ കാശില്ല. ദിവസവും നടന്ന് പോയി. ഇടക്കൊക്കെ വഴിയില്‍ കിട്ടുന്ന അടക്ക പെറുക്കി വച്ച്‌ അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ കൊണ്ട്‌ ബസ്സില്‍ പോയി.

സ്കൂളില്‍ ജോലി കിട്ടി.... തുടര്‍ന്ന് പഠനം ജോലി ചെയ്തുകൊണ്ട്‌.... ടി.ടി.സി. പഠിച്ചു... ബി.എ. ബിരുദം സമ്പാദിച്ചു.... കുറെക്കാലം കഴിഞ്ഞ്‌ കല്ല്യാണം... ഒരു ടീച്ചറെ തന്നെ....

കാലം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി.

ഇപ്പോള്‍ 3 മക്കള്‍...

കടവും ലോണുമെല്ലാം എടുത്ത്‌ ഒരു വീട്‌ കെട്ടിപ്പൊക്കാന്‍ കഷ്ടപ്പെട്ടു... അത്‌ വീട്ടാനായി ജോലികൂടാതെ രാവും പകലും ട്യൂഷനെടുത്തു.മക്കള്‍ മുതിര്‍ന്ന ക്ലാസ്സുകളിലായി....

തന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ മക്കളോട്‌ പറയും... കാരണം... ഇന്ന് അത്ര ബുദ്ധിമുട്ടില്ലാതെ അവരെ നോക്കുന്നുണ്ടല്ലോ.. നന്നായി പഠിച്ചുകാണാന്‍ ആഗ്രഹം.. അത്ര മാത്രം....

പക്ഷെ, അച്ഛന്റെ പഴം പുരാണം കേട്ട്‌ മക്കള്‍ പറയും... 'അതെല്ലാം അന്ത കാലം... ഇപ്പോ അതൊന്നും നടപ്പില്ല....'

മക്കള്‍ക്ക്‌ വേണ്ടതെല്ലാം കിട്ടണം.... ബുദ്ധിമുട്ടോ മറ്റോ അവര്‍ക്കറിയേണ്ടല്ലോ....ഭഷണം രുചി പിടിക്കുന്നില്ല.. കറികള്‍ എണ്ണം കുറവത്രെ.... ഊണ്‌ വേണ്ടെന്ന് വച്ച്‌ ഇറങ്ങിപ്പോകുന്നത്‌ പലപ്പോഴും കണ്ട്‌ നില്‍ക്കേണ്ടിവരുന്നു.

കാശ്‌ ചെലവായാലും പലതിനും പഠിക്കണം... ആ പഠനം മുഴുമിപ്പിക്കാതെ തന്നെ വേറെ ഒന്നിന്‌ ചേരണം...

ഒരു തലമുറ കഴിഞ്ഞപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ വ്യത്യാസം ആദ്യമൊക്കെ മനസ്സിന്‌ ദഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു... സാവധാനം ആ വിചാരങ്ങള്‍ക്ക്‌ അയവ്‌ സംഭവിച്ചു തുടങ്ങി. എന്തിന്‌ വിഷമിക്കണം???.... കാലത്തിന്റെ കുത്തൊഴുക്കില്‍ ദുരിതക്കയങ്ങളിലല്ലല്ലോ എത്തിച്ചേര്‍ന്നത്‌... ഇനിയും മുന്നോട്ടുള്ള ഒഴുക്കില്‍ നല്ലത്‌ തന്നെ കാണാന്‍ കഴിയട്ടെ എന്ന് ഉള്ളില്‍ പ്രാര്‍ഥിക്കാനല്ലാതെ എന്ത്‌ ചെയ്യാം.... തന്റെ പഴയ ജീവിത കഷ്ടപ്പാടുകളുടെ കെട്ട്‌ എന്തിന്‌ ഇടക്കിടക്ക്‌ അഴിക്കണം.... ജീവിതം മുന്നോട്ട്‌ തന്നെ.6 Comments:

 • അടുത്തറിയാവുന്ന ചിലരുടെ തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ.... ഒരു തലമുറ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍.....

  By Blogger സൂര്യോദയം, at 4:03 AM  

 • ഹൃദ്യമായിരിക്കുന്നു സൂര്യാ..

  മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടല്ലോ അയാള്‍ക്ക്‌...

  By Blogger ഇടിവാള്‍, at 11:45 AM  

 • തലമുറകളുടെ ഇടയിലെ വിടവ് വളരെ വേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.അവരുടെ വേഗത്തിനൊപ്പം എത്തിപെടാനായാല്‍ തന്നെ നമുക്കാശ്വസിക്കാം.

  -പാര്‍വതി.

  By Blogger പാര്‍വതി, at 12:11 PM  

 • പാറുക്കുട്ട്യേ
  ജപ്പാനിലൊരു ഭയങ്കര സ്പീഡുള്ള ട്രെയിന്‍ ഉണ്ടെന്ന് വക്കാരിജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തേ വല്ലോം കേറി പറ്റിയാല്‍ ചിലപ്പൊ അവരുടെ വേഗത്തിനൊപ്പം.... :-)

  (നിറുത്തി..നിറുത്തി..എനിക്ക് കിട്ടേണ്ട സമയമായി...)

  By Anonymous InjiPennu, at 12:39 PM  

 • നന്നായിരിക്കുന്നു

  ഇടിവാള്‍ പറഞ്ഞതില്‍ ആദ്യത്തെ വാചകം തന്നെ എന്റെയും അഭിപ്രായം...


  qw_er_ty

  By Blogger ദിവ (diva), at 10:32 PM  

 • 11 മക്കളോ? അപ്പൊ രണ്ടു മക്കള്‍ എവിടെപ്പോയി? 9 അല്ലെ ശരി ;-) അതൊ അല്‍പം മേമ്പൊടി ചേര്‍ത്തതോ?

  By Anonymous രാജു, at 6:31 AM  

Post a Comment

<< Home