ജീവിതത്തില്‍ നിന്നൊരു ഏട്‌

Thursday, September 28, 2006

മനസ്സാക്ഷിയുടെ നിര്‍വൃതി

അയാല്‍ അദ്ധ്യാപകജീവിതം തുടങ്ങിയിട്ട്‌ 8 കൊല്ല്ലമാകുന്നു. ഇല്ലായ്മയുടെ കയങ്ങളില്‍നിന്നും ബുദ്ധിമുട്ടുകളുടെ കുത്തൊഴുക്കുകളില്‍ നിന്നും നീന്തിക്കയറിയതിനാല്‍ മനസ്സും ശരീരവും ശക്തം.

സ്കൂളുകഴിഞ്ഞാല്‍ തന്റെ നാട്ടിന്‍പുറത്തെ വായനശാലയിലും അല്‍പം രാഷ്ട്രീയത്തിലുമായി പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു.

ഈശ്വരവിശ്വാസവും ആരാധനയുമെല്ലാം പ്രാവര്‍ത്തികമാക്കേണ്ടത്‌ ആരാധനാലയങ്ങളില്‍ കയറിയിറങ്ങുന്നതിലല്ല, മറിച്ച്‌ കഷ്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പുകയും അവര്‍ക്ക്‌ വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലാണെന്ന തിരിച്ചറിയലാണ്‌ അയാളെ മുന്നോട്ട്‌ നയിച്ചത്‌... അതു തന്നെയാണ്‌ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്കും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക്‌ വഴികാട്ടിയതും..

തനിക്കു വേണ്ടിമാത്രം ജീവിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നില്ലെങ്കില്‍ മനുഷ്യജന്മം നിഷ്ഫലം എന്നതായിരുന്നു അയാളുടെ ചിന്ത.

വലിയ കുടുംബത്തിലെ ഏറ്റവും ഇളയമകനാണെങ്കിലും, ജോലിയും കഴിവുമുള്ള മൂന്ന് ചേട്ടന്മാര്‍ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ കാര്യങ്ങളിലും ഇളയ അനിയത്തിയുടെ കാര്യങ്ങളിലും അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. സ്വന്തമായി ഒരു സമ്പാദ്യം എന്നത്‌ ഒരിക്കല്‍ പോലും മനസ്സില്‍ കടന്നുവന്നിട്ടില്ലായിരുന്നു.

അനിയത്തി പഠിക്കുന്ന കാലം.... അയാള്‍ക്കറിയാം അവള്‍ക്ക്‌ പല കാര്യങ്ങള്‍ക്കും പണം വേണമെന്ന്.... ഇടയ്ക്കിടയ്ക്ക്‌ ചോദിക്കാന്‍ അവള്‍ക്ക്‌ മടിയാണെന്നയാള്‍ക്ക്‌ മനസ്സിലായി.

'എന്റെ പോക്കറ്റില്‍ കാശ്‌ കാണും... ഇനി മുതല്‍ നീ എന്നോട്‌ ചോദിക്കാന്‍ നിക്കണ്ട.... ആവശ്യമുള്ളത്‌ എടുക്കുക, എന്നിട്ട്‌ അതിന്റെ കണക്ക്‌ ഒരു കടലാസ്സില്‍ എഴുതി ഇട്ടിരുന്നാല്‍ മതി'
അയാള്‍ നിര്‍ദ്ദേശിച്ച പോംവഴി.

ഇല്ലായ്മയുടെ തീവ്രത അനുഭവിച്ച അവള്‍ പണം ദുരുപയോഗം ചെയ്യില്ലെന്നയാള്‍ക്കറിയാമായിരുന്നു.

അതിനിടയ്ക്ക്‌ അമ്മയ്ക്ക്‌ കാന്‍സര്‍ രോഗം ബാധിച്ചു. അമ്മയെ ചികില്‍സിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മക്കളുടെ ഉയര്‍ച്ചകളോ സുഖങ്ങളോ അനുഭവിക്കാന്‍ നില്‍ക്കാതെ അമ്മ ജീവിതത്തോട്‌ യാത്രപറഞ്ഞു.

അയാള്‍ക്ക്‌ വയസ്സ്‌ 32 ആയി. വിവാഹപ്രായം കഴിയുന്നു. കല്ല്യാണ ആലോചനകള്‍ നടത്താന്‍, അതിന്‌ മുന്നിട്ടിറങ്ങാന്‍ ആരും അത്ര ശ്രമിച്ചിരുന്നില്ല...

ഒടുവില്‍ വിവാഹം... ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി.... അദ്ധ്യാപനം തന്നെ തൊഴിലായി സ്വീകരിച്ചവള്‍....

അവരുടെ വീടുകള്‍ തമ്മില്‍ 8 കിലോമീറ്റര്‍ ദൂരം മാത്രം... അയാളുടെ സ്കൂളില്‍ പോകാന്‍ അയാളുടെ വീട്ടില്‍നിന്ന് തന്നെ സൗകര്യം.... മാത്രമല്ല, ഭാര്യവീട്ടില്‍ സ്ഥിരമായി താമസിക്കുന്നതിനോട്‌ തീരെ യോജിപ്പില്ലാത്ത മനസ്സ്‌, പലപ്പോഴും പല സുഹൃത്തുക്കളുമായി ഇതിനെപ്പറ്റി സംസാരിക്കുകയും താനൊരിക്കലും സ്ഥിരമായി ഭാര്യവീട്ടില്‍ താമസിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് തീര്‍ത്ത്‌ പറയുകയും ചെയ്തിട്ടുണ്ട്‌.

വിവാഹം കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കകം അയാളുടെ സമ്പാദ്യം മനസ്സിലെ നന്മയും ആരെയും സഹായിക്കുന്ന മനസ്സും മാത്രമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. ഇനിയെങ്കിലും ഭാവിയെക്കരുതി അല്‍പം മറ്റ്‌ സമ്പാദ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനും അതിന്റെ ചുക്കാന്‍ പിടിക്കാനും അവള്‍ മുന്നിട്ടിറങ്ങി.

ദിവസങ്ങള്‍ കടന്നു പോയി. അയാള്‍ തന്റെ നാട്ടിന്‍പുറത്ത്‌ തന്നെ സ്ഥിരതാമസമാക്കാനുള്ള രീതിയില്‍ കാര്യങ്ങള്‍ മനസ്സില്‍കണ്ട്‌ വീട്‌ പണിയാനോ വാടകയ്ക്ക്‌ എടുക്കാനോ ഉള്ള ആലോചന തുടങ്ങിയിരുന്നു.

കോടതിയില്‍ ഗുമസ്തനായിരുന്ന ഭാര്യയുടെ അച്ഛന്‍ ഭക്ഷണത്തിനും മദ്യപാനത്തിനുമായി പണം ചെലവാക്കിയിരുന്നതല്ലാതെ കാര്യമായ സമ്പാദ്യമൊന്നും വേറെ ഉണ്ടായിരുന്നില്ല. ഭാര്യയുടെ വരുമാനം ആ കുടുംബത്തിന്‌ ഒരു താങ്ങായിരുന്നു.അനിയന്‍ കോളേജില്‍ പഠിക്കുന്നു....ചേട്ടന്‍ വിദേശത്തായിരുന്നു. കുറച്ചു നാളുകള്‍ മുന്‍പ്‌ മടങ്ങി വന്നിട്ട്‌ വീണ്ടും വിസ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലം.... കാര്യമായ വരുമാനം വേറെയൊന്നുമില്ല.

ഒരിക്കല്‍ ഭാര്യയുടെ അച്ഛനും അമ്മയും അയാളോട്‌ ഇതേക്കുറിച്ച്‌ സംസാരിച്ചു. അയാളും ഭാര്യയും അവരുടെ കൂടി അവിടെ താമസിക്കാനായി അഭ്യര്‍ത്ഥിച്ചു... കാരണം... അവര്‍ വേറെ താമസിച്ചുതുടങ്ങിയാല്‍ അവളുടെ വരുമാനം കുടുംബത്തിലേക്ക്‌ ചിലവാക്കാനായി ആവശ്യപ്പെടാനുള്ള ബുദ്ധിമുട്ട്‌... അനിയന്റെ പഠനം മുടങ്ങിയേക്കും.... കൂടാതെ അവള്‍ക്ക്‌ ബുദ്ധിമുട്ടില്ലാതെ ജോലിക്ക്‌ പോകാനും സൗകര്യം....

ആരും വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത്‌ സഹിക്കാനാകാത്ത അയാളുടെ മനസ്സ്‌ അങ്ങനെ ഭാര്യവീട്ടില്‍ താമസിക്കാന്‍ അയാളെ നിര്‍ബദ്ധിച്ചു.... അദ്ധ്യാപകനായ തന്റെ ദുരഭിമാനം മൂലം ഒരാളുടെ പഠനം മുടങ്ങരുത്‌ എന്നയാള്‍ക്ക്‌ നിര്‍ബദ്ധമുണ്ടായിരുന്നു.... അതായിരുന്നു അന്ന് ഭാര്യവീട്ടില്‍ തങ്ങുന്നതിന്‌ അയാളെ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകം.....

തന്റെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പഴികള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി പറയാതെ, വിശദീകരിക്കാതെ തന്റെ മനസ്സാക്ഷിയുടെ നിര്‍വൃതിയുടെ മന്ദഹാസം മാത്രം അയാളുടെ മുഖത്ത്‌ പ്രതിഫലിച്ചു.

Monday, September 18, 2006

ഒരു തലമുറയ്ക്ക്‌ മുന്‍പ്‌


1950 കളിലെ ഒരു പ്രഭാതം...

ഇത്‌ കുമാരന്‍ മാസ്റ്ററുടെ വീട്‌... 11 മക്കളുള്ള തറവാട്‌...

ആണ്‍ മക്കളില്‍ ഏറ്റവും താഴെയാണ്‌ കാര്‍ത്തികേയന്‍....നാലാം ക്ലാസ്സില്‍ പഠിക്കുന്നു.

ഒരു സ്കൂള്‍ അദ്ധ്യാപകന്റെ വരുമാനം കൊണ്ട്‌ ഇത്ര വലിയ ഒരു കുടുംബം പോറ്റാന്‍ കഷ്ടപ്പടാണ്‌.

വയറുനിറച്ച്‌ ഭക്ഷണം തന്നെ കഷ്ടി...ആകെയുള്ള മൂട്‌ കീറിയ ട്രൗസറുമിട്ട്‌ അവന്‍ ഉമ്മറപ്പടിയില്‍ കുനിഞ്ഞിരുന്നു. വയര്‍ വിശക്കുന്നുണ്ട്‌.. നില്‍ക്കുമ്പോള്‍ ഒരു വേദന...വൈകീട്ട്‌ ആയാല്‍ വര്‍ക്കിമാപ്ലക്ക്‌ പാട്ടത്തിന്‌ കൊടുത്തിട്ടുള്ള പറമ്പിലുള്ള കപ്പമൂട്‌ ഒന്ന് രണ്ടെണ്ണം ചേട്ടന്മാരോടൊന്നിച്ച്‌ മാന്തിനോക്കാമായിരുന്നു. (ആത്മാഭിമാനബോധം ഉണ്ടെങ്കിലും നിവര്‍ത്തികേടുകൊണ്ട്‌ അമ്മയും ചേച്ചിയും ഒന്നും പറയില്ല). കാലത്ത്‌ വര്‍ക്കിമാപ്ല മേല്‍നോട്ടത്തിന്‌ പറമ്പില്‍ തന്നെയുണ്ട്‌.

ബട്ടന്‍ പൊട്ടിയ ട്രൗസര്‍ വലിച്ച്‌ അരയില്‍ കുത്തി കാര്‍ത്തികേയന്‍ സ്കൂളില്‍ പോകാനിറങ്ങി.

ട്യൂഷനും മറ്റും ഉള്ളതിനാല്‍ അച്ഛന്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങും...സ്കൂളില്‍ വച്ച്‌ ഇന്റര്‍വെല്‍ സമയത്ത്‌ തൊട്ടപ്പുറത്തെ ചായക്കടയുടെ മുന്‍പിലേക്ക്‌ പോകുന്നവഴിക്ക്‌ അച്ഛന്‍ ചോദിക്കും..

'നീ വല്ലോം കഴിച്ചോടാ...'

കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ മനസ്സിലെ അഭിമാനബോധം വിശപ്പിനെ പിന്തള്ളും...അവന്‍ ഉവ്വ്‌ എന്ന് തലയാട്ടും...ആരും അടുത്തില്ലെങ്കില്‍ സത്യം പറയും.. അപ്പോള്‍ അച്ഛന്‍ കൂട്ടിക്കൊണ്ട്‌ പോയി ചായക്കടയില്‍ നിന്ന് ചായയും വടയും വാങ്ങിക്കൊടുക്കും...

പട്ടിണി പഠിക്കാനുള്ള വാശി കൂട്ടിയതേയുള്ളൂ... അവന്‍ പഠിച്ചു. മിടുക്കുണ്ടെങ്കില്‍ പഠിപ്പിക്കുവാന്‍ കുമാരന്‍ മാസ്റ്ററും ഒരുക്കമായിരുന്നു.

കാലം കടന്നുപോയി.... സ്ഥിതികള്‍ അല്‍പം മെച്ചപ്പെട്ടു. ചേച്ചിമാരുടെ കല്ല്യാണം കഴിഞ്ഞു. ഒരു ചേച്ചി ഇടക്കിടക്ക്‌ അരിയും മറ്റും സഹായിക്കും. മൂത്ത ചേട്ടന്‍ മലേഷ്യക്ക്‌ പോയി....

പത്താം ക്ലാസ്സില്‍ അവന്‌ നിസ്സാര മാര്‍ക്ക്‌ കുറവിന്‌ ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടിയില്ല. എങ്കിലും ഏത്‌ കോളേജിലും പ്രാവേശനം കിട്ടാവുന്ന മാര്‍ക്കുണ്ട്‌. പക്ഷെ, ഫസ്റ്റ്‌ ക്ലാസ്സ്‌ കിട്ടിയില്ല എന്ന ഒറ്റ കാരണത്താല്‍ ചേട്ടന്‍ കോളെജില്‍ പഠിക്കാന്‍ ഫീസ്‌ നല്‍കാന്‍ തയാറായില്ല....

അവന്‌ വാശിയായി. പ്രീയൂണിവേഴ്സിറ്റിക്ക്‌ ചേര്‍ന്നു. 7 കിലോമീറ്റര്‍ നടക്കണം. ബസ്സിന്‌ പോകാന്‍ കാശില്ല. ദിവസവും നടന്ന് പോയി. ഇടക്കൊക്കെ വഴിയില്‍ കിട്ടുന്ന അടക്ക പെറുക്കി വച്ച്‌ അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ കൊണ്ട്‌ ബസ്സില്‍ പോയി.

സ്കൂളില്‍ ജോലി കിട്ടി.... തുടര്‍ന്ന് പഠനം ജോലി ചെയ്തുകൊണ്ട്‌.... ടി.ടി.സി. പഠിച്ചു... ബി.എ. ബിരുദം സമ്പാദിച്ചു.... കുറെക്കാലം കഴിഞ്ഞ്‌ കല്ല്യാണം... ഒരു ടീച്ചറെ തന്നെ....

കാലം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തി.

ഇപ്പോള്‍ 3 മക്കള്‍...

കടവും ലോണുമെല്ലാം എടുത്ത്‌ ഒരു വീട്‌ കെട്ടിപ്പൊക്കാന്‍ കഷ്ടപ്പെട്ടു... അത്‌ വീട്ടാനായി ജോലികൂടാതെ രാവും പകലും ട്യൂഷനെടുത്തു.മക്കള്‍ മുതിര്‍ന്ന ക്ലാസ്സുകളിലായി....

തന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ മക്കളോട്‌ പറയും... കാരണം... ഇന്ന് അത്ര ബുദ്ധിമുട്ടില്ലാതെ അവരെ നോക്കുന്നുണ്ടല്ലോ.. നന്നായി പഠിച്ചുകാണാന്‍ ആഗ്രഹം.. അത്ര മാത്രം....

പക്ഷെ, അച്ഛന്റെ പഴം പുരാണം കേട്ട്‌ മക്കള്‍ പറയും... 'അതെല്ലാം അന്ത കാലം... ഇപ്പോ അതൊന്നും നടപ്പില്ല....'

മക്കള്‍ക്ക്‌ വേണ്ടതെല്ലാം കിട്ടണം.... ബുദ്ധിമുട്ടോ മറ്റോ അവര്‍ക്കറിയേണ്ടല്ലോ....ഭഷണം രുചി പിടിക്കുന്നില്ല.. കറികള്‍ എണ്ണം കുറവത്രെ.... ഊണ്‌ വേണ്ടെന്ന് വച്ച്‌ ഇറങ്ങിപ്പോകുന്നത്‌ പലപ്പോഴും കണ്ട്‌ നില്‍ക്കേണ്ടിവരുന്നു.

കാശ്‌ ചെലവായാലും പലതിനും പഠിക്കണം... ആ പഠനം മുഴുമിപ്പിക്കാതെ തന്നെ വേറെ ഒന്നിന്‌ ചേരണം...

ഒരു തലമുറ കഴിഞ്ഞപ്പോള്‍ സംഭവിച്ചിരിക്കുന്ന ഈ വ്യത്യാസം ആദ്യമൊക്കെ മനസ്സിന്‌ ദഹിക്കാന്‍ ബുദ്ധിമുട്ടായിരുന്നു... സാവധാനം ആ വിചാരങ്ങള്‍ക്ക്‌ അയവ്‌ സംഭവിച്ചു തുടങ്ങി. എന്തിന്‌ വിഷമിക്കണം???.... കാലത്തിന്റെ കുത്തൊഴുക്കില്‍ ദുരിതക്കയങ്ങളിലല്ലല്ലോ എത്തിച്ചേര്‍ന്നത്‌... ഇനിയും മുന്നോട്ടുള്ള ഒഴുക്കില്‍ നല്ലത്‌ തന്നെ കാണാന്‍ കഴിയട്ടെ എന്ന് ഉള്ളില്‍ പ്രാര്‍ഥിക്കാനല്ലാതെ എന്ത്‌ ചെയ്യാം.... തന്റെ പഴയ ജീവിത കഷ്ടപ്പാടുകളുടെ കെട്ട്‌ എന്തിന്‌ ഇടക്കിടക്ക്‌ അഴിക്കണം.... ജീവിതം മുന്നോട്ട്‌ തന്നെ.