ജീവിതത്തില്‍ നിന്നൊരു ഏട്‌

Sunday, October 08, 2006

ഇരുളിനെ തുളയ്കുന്ന രശ്മികള്‍

രശ്മി എന്നാണവളുടെ പേര്‌.... പത്താം ക്ലാസ്സ്‌ വരെ പഠിച്ചു. വലിയ മാര്‍ക്കൊന്നും കിട്ടിയില്ലെങ്കിലും കഷ്ടിമുഷ്ടി ജയിച്ചു കയറിയിരുന്നു. ഇപ്പോള്‍ പല ദിവസക്കൂലിപ്പണികളും ചെയ്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുന്നു.

വീട്ടില്‍ അച്ഛനും അമ്മയും കൂടാതെ രണ്ട്‌ ചേച്ചിമാരും ഒരു അനിയത്തിയും....അത്യദ്ധ്വാനിയായ അച്ഛന്‍ എന്നും കുടിച്ച്‌ ബോധമില്ലാതെയേ വീട്ടില്‍ വരൂ. മക്കളോട്‌ പെരുത്ത്‌ ഇഷ്ടം ഉണ്ടെങ്കിലും ഷാപ്പില്‍ നിന്ന് കിട്ടുന്ന പരിപ്പുവടയും വഴിയില്‍ നിന്ന് ബീഡിവാങ്ങുമ്പോള്‍ കൂടെ വാങ്ങുന്ന നാരങ്ങസത്ത്‌ മിഠായിയുമല്ലാതെ സ്നേഹം പ്രകടിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗം അയാള്‍ക്ക്‌ അറിയില്ല. തന്റെ കടമകളെക്കുറിച്ച്‌ അയാള്‍ അറിഞ്ഞോ അറിയാതെയോ ചിന്തിച്ചില്ല.

നാല്‌ വീടുകളില്‍ പോയി വീട്ടുപണികള്‍ ചെയ്ത്‌ അമ്മ അന്നത്തിനുള്ള വക ഉണ്ടാക്കുന്നു. ആ വീടുകളില്‍ നിന്ന് കിട്ടുന്ന ഭക്ഷണം മക്കള്‍ക്കായി കരുതിവച്ച്‌ വീട്ടില്‍ കൊണ്ടുവരുന്നു.

രണ്ട്‌ ചേച്ചിമാരും വിവാഹം കഴിഞ്ഞ്‌ രണ്ടും മൂന്നും പിള്ളേരുമായി ജീവിക്കുന്നു. അവരുടെ ഭര്‍ത്താക്കന്മാരും അദ്ധ്വാനികള്‍... ഒപ്പം മുഴുക്കുടിയന്മാര്‍.... കൂലിപ്പണിതന്നെ അവര്‍ക്കും ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാനുള്ള മാര്‍ഗ്ഗം....ചേച്ചിമാര്‍ വേറെയാണ്‌ താമസമെങ്കിലും ഇടയ്ക്കിടയ്ക്‌ ഇവിടെ വരും... എന്നും പണത്തിന്‌ ബുദ്ധിമുട്ടാണ്‌... ജോലിചെയ്ത്‌ കിട്ടുന്നതില്‍നിന്ന് ഒട്ടും സമ്പാദിച്ചു വയ്ക്കാത്ത ശീലം പാരമ്പര്യമായി അനുവര്‍ത്തിച്ചുപോന്നതിനാല്‍ കുട്ടികള്‍ക്ക്‌ അസുഖമോ മറ്റോ വന്നാല്‍ ജീവിതത്തിന്റെ താളം തെറ്റും.... പണം കടം വാങ്ങാതെ നിവര്‍ത്തിയില്ലാതെ വരും. പലിശയും മറ്റുമായി കടം വീട്ടി ട്രാക്കില്‍ നിന്ന് മാറിയോടുന്ന ജീവിതത്തെ തിരിച്ച്‌ നേര്‍വഴിക്കാക്കി വരുമ്പോഴെക്ക്‌ മറ്റുവല്ല ദുരിതവും വരും....
*******************************************

രശ്മി കണ്ടുവളര്‍ന്ന ജീവിതരീതികളാണിതൊക്കെ.... ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.... തനിക്കും വിവാഹപ്രായമായിരിക്കുന്നു. ഏതെങ്കിലും ഒരു കൂലിപ്പണിക്കാരന്‍ തന്നെയും കല്ല്യാണം കഴിക്കും... തന്റെ ജീവിതവും ഈ കാണുന്നതില്‍ നിന്ന് ഒട്ടും വ്യത്യസ്തമാകാന്‍ പോകുന്നില്ല. അവള്‍ തന്റെ ഇരുണ്ടുമൂടിക്കെട്ടിയ ആ ഭാവിജീവിതം മുന്നില്‍ കണ്ടു.

ജോലിചെയ്ത്‌ കിട്ടുന്ന കാശില്‍ അവള്‍ മിച്ചം പിടിച്ച്‌ ഒരു പാസ്പോര്‍ട്ടെടുത്തു. വെറുതെ സ്വപ്നം കാണാന്‍..... തന്റെ ഇരുണ്ട ഭാവിജീവിതത്തില്‍നിന്ന് ഒരു മാറ്റം ഉണ്ടാക്കുവാനുള്ള ആഗ്രഹത്തെ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള ഒരു ഉപാധി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പേപ്പറില്‍ ഒരു പരസ്യം കണ്ടു... ഗള്‍ഫില്‍ വീട്ടുജോലിക്ക്‌ ആളെ വേണം.... ഫോട്ടോയും മറ്റും സഹിതം അവള്‍ അയച്ചുകൊടുത്തു.
*******************************************

രശ്മി ഇപ്പോള്‍ ഗള്‍ഫിലാണ്‌... ദുബായില്‍.... ഒരു വലിയ വില്ലായില്‍ മറ്റ്‌ പല പെണ്‍കുട്ടികളുടെ കൂടെ അവളും കഴിയുന്നു.

കസ്റ്റമേഴ്സ്‌ അവിടെ എത്തും.... കൈ നിറയെ കാശ്‌... മനം മയക്കുന്ന നഗരക്കഴ്ചകള്‍..... ഇഷ്ടഭക്ഷണങ്ങള്‍.... വിദേശനിര്‍മ്മിത കാറുകളില്‍ യാത്ര... കൊട്ടാരതുല്ല്യമായ കിടപ്പുമുറികള്‍....ഇതെല്ലാം കസ്റ്റമേഴ്സിന്റെ ലൈകിക താല്‍പര്യങ്ങളെ പൂര്‍ത്തീകരിച്ചുകൊടുക്കുന്നതിനുള്ള പ്രതിഫലം....
*******************************************

ദുബായില്‍ എത്തി അല്‍പദിവസങ്ങള്‍ക്കകം രശ്മിക്ക്‌ കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലായി. ഏജന്റ്‌ അവളോട്‌ ജോലി എന്താണെന്ന് വ്യക്തമായി പറഞ്ഞുകൊടുത്തു. താല്‍പര്യമില്ലെങ്കില്‍ തിരിച്ച്‌ വിടാമെന്നും പക്ഷെ വാങ്ങിയ കാശ്‌ തിരിച്ച്‌ കിട്ടില്ലെന്നും അയാള്‍ പറഞ്ഞു. ഇവിടെ കിട്ടുന്ന സ്വപ്നതുല്ല്യമായ ജീവിത സൗകര്യങ്ങളും പണവും എങ്ങനെ അവളുടെ ജീവിതത്തെ മാറ്റിമറയ്കുമെന്നയാള്‍ വിശദീകരിച്ചു. ആദ്യമൊന്ന് അമ്പരന്നെങ്കിലും അവള്‍ തികച്ചും പ്രക്റ്റിക്കലായി ചിന്തിച്ചു....

നാട്ടിലാണെങ്കില്‍ താനും തന്റെ ചേച്ചിമാരെപ്പോലെ.... കല്ല്യാണം കഴിഞ്ഞ്‌ ഏതെങ്കിലും ഒരു കുടിയന്റെ ഭാര്യയായി.... പണിയെടുത്ത്‌ കുട്ടികളെയും പോറ്റി ദുരിതങ്ങള്‍ പങ്കുവച്ച്‌ തളരുന്നതുവരെ മുന്നോട്ട്‌ പോകും... ഒടുവില്‍ ഒരുദിവസം തളര്‍ന്ന് വീഴുമ്പോള്‍ ഒരിറ്റ്‌ കഞ്ഞിവെള്ളം തരാന്‍ ആരെങ്കിലും ഉണ്ടാകും എന്ന് എന്താണ്‌ ഒരു ഉറപ്പ്‌? ജീവിതത്തില്‍ താന്‍ എന്ത്‌ നേടാന്‍ പോകുന്നു..... എവിടെ എത്താന്‍ പോകുന്നു.... സ്വപ്നം കാണാന്‍ പോലും അവകാശമില്ലാതെ ജീവിക്കാനുള്ള വിധി....ഈ ചിന്തകള്‍ അവളെ ഒരു തീരുമാനത്തിലെത്തിച്ചു.... മനസ്സിനെ അവള്‍ ശക്തമാക്കി.
*******************************************

ഇപ്പോള്‍ അവള്‍ ചെയ്യുന്നതാണ്‌ ശരി... കിട്ടുന്ന പണത്തില്‍ നല്ലൊരു പങ്ക്‌ ബാങ്കില്‍ അടയ്ക്കുന്നു. നാട്ടിലേക്ക്‌ അയച്ച്‌ അച്ഛനമ്മമാരെ സഹായിക്കുന്നു. ചേച്ചിമാര്‍ക്കും കുട്ടികള്‍ക്കും പണമയയ്കുന്നു. അനിയത്തിയെ പഠിപ്പിക്കാനായി വീട്ടില്‍ നിര്‍ബന്ധിച്ച്‌ അവളെ കോളെജില്‍ ചേര്‍ത്തു.അവള്‍ക്കറിയാം കുറച്ച്‌ കൊല്ലം കഴിയുമ്പോള്‍ അവളുടെ സൗന്ദര്യം ക്ഷയിക്കുമ്പോള്‍ അവളുടെ ഇപ്പോഴത്തെ സൗഭാഗ്യങ്ങള്‍ ഇല്ലാതാവുമെന്ന്.... അത്‌ മുന്നില്‍കണ്ട്‌ അവള്‍ തന്റെ ബാങ്കില്‍ ഭാവിജീവിതത്തിനുള്ള പണം സ്വരൂപിക്കുന്നു. കുറച്ച്‌ കാലം കഴിഞ്ഞ്‌ നാട്ടില്‍ പോയി എന്തെങ്കിലും ഒരു സ്വയം തൊഴില്‍ കണ്ടെത്തണം... തന്റെ പണത്തിന്റെ ബലത്തില്‍ ഒരു കല്ല്യാണം കഴിയ്ക്കണം...

താന്‍ ഇരുളടഞ്ഞതെന്ന് മുന്നില്‍ കണ്ടിരുന്ന ആ ജീവിതത്തിലേക്ക്‌ സന്തോഷത്തിന്റെയും ഉണര്‍വ്വിന്റെയും രശ്മികള്‍ വീഴുന്നത്‌ അവള്‍ സ്വപ്നം കണ്ടു.